Wednesday, September 16, 2009

കുഞ്ചന്‍ നമ്പ്യാര്‍

കുഞ്ചന്‍ നമ്പ്യാര്‍.

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളല്‍ അവതരണങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനാണ് നമ്പ്യാര്‍.
ജീവിതരേഖ

ചന്ദ്രികാവീഥി, ലീലാവതീവീഥി, തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാര്‍ത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തില്‍‍ എഴുതിയ രാമപാണിവാദനും കുഞ്ചന്‍ നമ്പ്യാരും ഒരാള്‍തന്നയാണെന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂര്‍ കേരളസാഹിത്യചരിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.

നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ‍പിതാവിനോടാപ്പം പിതൃദേശമായ കിടങ്ങൂരിലത്തി. തുടര്‍ന്ന് ചമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികള്‍ പ്രസിദ്ധമാണ്:-

ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,
തമ്പുരാന്‍ ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;
കുമ്പിടുന്നേനിന്നു നിന്‍പദാംഭോരുഹം

1746-ല്‍ മാര്‍ത്താണ്ഡവര്‍മ്മ ചമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേര്‍ത്തതിനെ തുടര്‍ന്ന് നമ്പ്യാര്‍ തിരുവനന്തപുരത്തെക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാര്‍ത്താണ്ഡവര്‍മ്മയുടേയും അദ്ദേഹത്തെ തുടര്‍ന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്‍റെയും (ധര്‍മ്മരാജാ) ആശ്രിതനായി ജീവിച്ചു. വാര്‍ദ്ധക്യത്തില്‍ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാന്‍ ആഗ്രഹിച്ചു.

കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലക്കിനി-
ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.

എന്ന കവിയുടെ അഭ്യര്‍ഥന രാജാവ് സ്വീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.
കൃതികള്‍

തുള്ളല്‍
അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് എന്ന ക്ഷേത്രകലയില്‍ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ക്ക് ഒരിക്കല്‍ എന്തോ കയ്യബദ്ധം പറ്റിയപ്പോള്‍ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളല്‍. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാല്‍ ഈ ഐതിഹ്യത്തില്‍ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരന്‍ നേടിയെടുക്കാനും നമ്പ്യാര്‍ക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാര്‍. വാക്കുകള്‍ അദ്ദേഹത്തിന്റെ നാവില്‍ നൃത്തം ചെയ്യുകയായിരുന്നത്രെ.

പാല്‍ക്കടല്‍ത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെന്‍
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്ക്കു ചൊല്ലുകയല്ല ഞാന്‍

എന്നു പറയാന്‍ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, തുള്ളലുകളുടെ ഭാഷയായി നമ്പ്യാര്‍ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാര്‍ക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയില്‍ തന്നെ ആയിരിക്കണം എന്ന് നമ്പ്യാര്‍ പറഞ്ഞിട്ടുണ്ട്:-

ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും

ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകള്‍ നമ്പ്യാര്‍ എഴുതിയതായി പറയപ്പെടുന്നു. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്‍റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികള്‍ പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്‍റേതായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് താഴെപ്പറയുന്ന നല്പത് തുള്ളലുകളാണ്

ഓട്ടന്‍ തുള്ളലുകള്‍

ഓട്ടന്‍ തുള്ളല്‍
സ്യമന്തകം
ഘോഷയാത്ര
നളചരിതം
കിരാതം
കാര്‍ത്തവീര്യാര്‍ജ്ജുനവിജയം
രുഗ്മിണീസ്വയം‌വരം
പ്രദോഷമാഹാത്മ്യം
രാമാനുജചരിതം
ബാണയുദ്ധം
പാത്രചരിതം
സീതാസ്വയം‌വരം
ലീലാവതീചരിതം
അഹല്യാമോഷം
രാവണോത്ഭവം
ചന്ദ്രാംഗദചരിതം
നിവാതകവചവധം
ബകവധം
സന്താനഗോപാലം
ബാലിവിജയം
സത്യാസ്വയം‌വരം
ഹിദിംബവധം
ഗോവര്‍ദ്ധനചരിതം
ശീതങ്കന്‍ തുള്ളലുകള്‍
കല്യാണസൗഗന്ധികം
പൗണ്ഡ്രവധം
ഹനുമദുത്ഭവം
ധ്രുവചരിതം
ഹരിണീസ്വയം‌വരം
കൃഷ്ണലീല
ഗണപതിപ്രാതല്‍
ബാല്യുത്ഭവം
പറയന്‍ തുള്ളലുകള്‍
സഭാപ്രവേശം
പുളിന്ദീമോഷം
ദക്ഷയാഗം
കീചകവധം
സുന്ദോപസുന്ദോപാഖ്യാനം
നാളായണീചരിതം
ത്രിപുരദഹനം
കുംഭകര്‍ണ്ണവധം
ഹരിശ്ചന്ദ്രചരിതം
ഇതരകൃതികള്‍
തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്‌. താഴെപ്പറയുന്നവ അവയില്‍ ചിലതാണ്:-

പഞ്ചതന്ത്രം കിളിപ്പാട്ട്
ശ്രീകൃഷ്ണചരിതം മണിപ്രവാളം
രുഗ്മിണീസ്വയംവരം പത്തുവൃത്തം
ശീലാവതി നാലുവൃത്തം
ശിവപുരാണം
നളചരിതം കിളിപ്പാട്ട്
വിഷ്ണുഗീത
കൃതികളുടെ പ്രത്യേകതകള്‍
സമൂഹവിമര്‍ശനം, നിശിതമായ ഫലിതപരിഹാസങ്ങള്‍, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികള്‍ എന്നിവയെല്ലാം നമ്പ്യാരുടെ കൃതികളുടെ ലക്ഷണങ്ങളായി നിരൂപകര്‍ എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ രചനകളുടെ ഈ പ്രത്യേകതകള്‍ കവിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ജനകീയ കവി എന്ന് നമ്പ്യാര്‍ വിശേഷിക്കപ്പെടാറുണ്ട്.
ഫലിതം
പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളല്‍ കൃതികളും എങ്കിലും അവയില്‍ കഴിയുന്നത്ര നര്‍മ്മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലര്‍ത്തുവാന്‍ കവി ശ്രദ്ധിച്ചിരുന്നു. നളചരിതത്തില്‍, സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകളില്‍ വര്‍ണ്ണിക്കുന്ന ഭാഗം പ്രസിദ്ധമാണ്.


നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റില്‍ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു.


കല്യാണസൗഗന്ധികത്തില്‍ പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധികപ്പൂ തേടിപ്പോകുന്ന ഭീമന്‍, ഒരു വൃദ്ധവാനരനെന്ന മട്ടില്‍ വഴിമുടക്കി കിടന്ന ഹനുമാനോട് കയര്‍ക്കുന്ന ഭാഗം രസകരമാണ്:-


നോക്കെടാ! നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ, നീയങ്ങു മാറിക്കിടാ ശഠാ!
ദുര്‍ഘടസ്ഥാനത്തു വന്നുശയിപ്പാന്നിനക്കെടാ തോന്നുവനെന്തെടാ സംഗതി?


തന്റെ അവശസ്ഥിതി അറിഞ്ഞ് വഴിമാറിപ്പോകാന്‍ ആവശ്യപ്പെടുന്ന ഹനുമാനോട് ഭീമന്‍ പിന്നെയും ഇടയുന്നു:-


ആരെന്നരിഞ്ഞു പറഞ്ഞു നീ വാനരാ!, പാരം മുഴുക്കുന്നു ധിക്കാരസാഹസം;
പൂരുവംശത്തില്‍ പിറന്നു വളര്‍ന്നൊരു പൂരുഷശ്രേഷ്ഠന്‍ വൃകോദരനെന്നൊരു
വീരനെ കേട്ടറിവില്ലേ നിനക്കെടോ, ധീരനാമദ്ദേഹമിദ്ദേഹമോര്‍ക്ക നീ
നേരായ മാര്‍ഗ്ഗം വെടിഞ്ഞു നടക്കയില്ലാരോടു മിജ്ജനം തോല്‍ക്കയുമില്ലേടോ,
മാറിനില്ലെന്നു പറയുന്ന മൂഢന്റെ മാറില്‍ പതിക്കും ഗദാഗ്രമെന്നോര്‍ക്കണം.


ഈ വീമ്പിന് മറുപടികൊടുത്ത ഹനുമാന്‍, നാലഞ്ചു ഭര്‍ത്താക്കന്മാര്‍ ഒരു പെണ്ണിന് എന്നത് നാലുജാതിക്കും വിധിച്ചതല്ല എന്ന് ഭീമനെ ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ, ദുശ്ശാസനന്‍ പണ്ട് കൗരവസഭയില്‍ വച്ച് പാഞ്ചാലിയോട് അതിക്രമം ചെയ്തത് കണ്ണും മിഴിച്ച് കണ്ട് നിന്നപ്പോള്‍ പൊണ്ണത്തടിയനായ ഭീമന്റെ പരാക്രമം കാശിക്കു പോയിരിക്കുകയായിരുന്നോ എന്നും നമ്പ്യാര്‍ ഹനുമാനെക്കൊണ്ട് ചോദിപ്പിക്കുന്നുണ്ട്.
കേരളീയത
പതിനെട്ടാം ശതകത്തില്‍ കേരളത്തില്‍ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികള്‍ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടന്‍ തത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടന്‍ വിനോദങ്ങള്‍, ഉത്സവങ്ങള്‍, അങ്ങാടി വാണിഭം, നാടന്‍ മത്സ്യബന്ധനം, ചികിത്സാരീതികള്‍, കൃഷിയറിവുകള്‍, കടലറിവുകള്‍, കാട്ടറിവുകള്‍, നാടന്‍ ഭക്ഷണ രീതികള്‍, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകള്‍ തുടങ്ങിയ മണ്ഡലങ്ങള്‍ നമ്പ്യാര്‍ കവിത വിശദമാക്കുന്നു.[3]
തുള്ളല്‍ക്കവിതകളില്‍ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാര്‍ അവക്ക് കൊടുക്കുന്ന പശ്ചാത്തലം കേരളീയമാണ്. കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം മലയാളിത്തം കല്പിച്ചുകൊടുക്കുന്നു. ഭീമന്‍, ദുര്യോധനന്‍, ദേവേന്ദ്രന്‍ , ദമയന്തി, ദ്രൗപദി, സീത, പാര്‍വ്വതി തുടങ്ങിയ കഥാപാത്രങ്ങള്‍ കേരളത്തിലെ സ്ഥിതിഗതികള്‍ക്കനുരൂപമായ വേഷപ്പകര്‍ച്ചയോടുകൂടി മാത്രമേ തുള്ളലുകളില്‍ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂ-സ്വര്‍ഗ്ഗ-പാതാളങ്ങള്‍ നമ്പ്യാരുടെ ഭാവനയില്‍ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയൊദ്ധ്യയിലും, അളകാപുരിയിലും, സ്വര്‍ഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയര്‍ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാരും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടങ്ങളില്‍ ഉണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും, നമ്പൂതിരിമാരും ഇല്ലാത്ത പ്രദേശങ്ങള്‍ ഇല്ല. സന്താനഗോപാലത്തിലെ അര്‍ജുനന്‍, യമപുരിയില്‍ ചെന്നപ്പോള്‍ "കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ടു കൊടുക്കണ കണ്ടു" വത്രെ. ദുര്യോധനന്റെ വനത്തിലേക്കുള്ള ഘോഷയാത്രയില്‍ അമ്പും വില്ലും ധരിച്ച നായന്മാരെ കൂടാതെ, "പട്ടാണികള്‍ പല ചെട്ടികളും കോമട്ടികളും പല പട്ടന്മാരും" ഒക്കെ ഉണ്ടായിരുന്നു. ഘോഷയാത്രക്ക് മുന്‍പ് സേനകള്‍ക്ക് നലകിയ സദ്യയും തികച്ചും കേരളീയമായിരുന്നു:-

ഇലവച്ചങ്ങു നിരന്നു തുടങ്ങീ, വലിയരിവച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും നലമൊടു വളരെ വിളമ്പീടുന്നു.
വട്ടഞ്ചക്കര ചേര്‍ത്തുകലക്കി ചട്ടം കൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധമിഷ്ടമറിഞ്ഞു കൊടുത്തീടുന്നു

കാര്‍ത്തവീരാര്‍ജ്ജുനവിജയത്തില്‍ രാവണന്‍ ചിത്രയോധിയെ അയച്ച് കാര്‍ത്തവീരാര്‍ജ്ജുനന്റെ അടുത്ത് ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാഹചര്യങ്ങളും കേരളീയമാണ്:-

വിളവില്‍ പാതി നമുക്കു തരേണം, മുളകു സമസ്തവുമേല്പ്പിക്കേണം;
തെങ്ങുകവുങ്ങുകള്‍ മാവും പ്ലാവും എങ്ങുമെനിക്കിഹ കണ്ടെഴുതേണം;
മാടമ്പികളുടെ പദവികളൊന്നും, കൂടുകയില്ലാ നമ്മുടെ നാട്ടില്‍;
വീടന്മാരും വിളവുകള്‍ നെല്ലുകള്‍ വിത്തിലിരട്ടി നമുക്കുതരേണം;
നാട്ടിലിരിക്കും പട്ടന്മാരും, നാലാക്കൊന്നു നമുക്കുതരേണം;
വീട്ടിലിരിക്കും നായന്മാര്‍ പടവില്ലും കുന്തവുമേന്തിച്ചൊല്ലും-
വേലയെടുത്തു പൊറുക്കണമെല്ലാനാളും പാര്‍ത്താ ദശമുഖഭവനേ;
കള്ളുകുടിക്കും നായന്മാര്‍ക്കിടി കൊള്ളുന്താനുമതോര്‍ത്തീടേണം.

സമൂഹവിമര്‍ശനം
സമൂഹത്തിലെ തിന്മകളെ തന്റെ ഫലിതം കലര്‍ന്ന ശൈലിയില്‍ നമ്പ്യാര്‍ വിമര്‍ശിക്കുന്നത് പലയിടത്തും കാണാം.

രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജംനടിച്ചു സമസ്ത സാധുക്കളെ
തേജോവധംചെയ്തു വിത്തമാര്‍ജ്ജിച്ചുകൊണ്ടാജീവനാന്തം കഴിക്കുന്നിതുചിലര്‍.

എന്ന ഹരിണീസ്വയം‌വരത്തിലെ വിമര്‍ശനം ഭരണാധികാരികളേയും ഉദ്യോഗസ്ഥവൃന്ദത്തേയും ആയിരിക്കണം ലക്ഷ്യമാക്കിയത്.


വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍
കാരസ്കരഘൃതം ഗുല്‍‍ഗുലുതിക്തകം
ചേരുന്ന നെയ്കളുമെണ്ണപൊടികളും
സാരമായുള്ള ഗുളികയും കൈക്കൊണ്ടുചെ-
ന്നോരോവിധം പണം കൈക്കലാക്കീടുന്നു.

എന്ന് ധനമോഹികളായ വൈദ്യന്മാരെ വിമര്‍ശിക്കുന്ന ധൃവചരിതത്തിലെ ഭാഗം പ്രസിദ്ധമാണ്.

ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാന്‍ ചിലപ്പോഴൊക്കെ, അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി എന്ന അവസ്ഥ നമ്പ്യാര്‍ ഹരിണീസ്വയം‌വരത്തില്‍ സൂചിപ്പിക്കുന്നതിങ്ങനെയാണ്:-

സര്‍വ്വാധികാരിയെക്കണ്ടാല്‍ നമുക്കിന്നു കാര്യങ്ങള്‍ സാധിക്ക വൈഷമ്യമായ്‌വരും.
നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു നാണിയം നാട്ടില്‍ നടത്താതിരിക്കണം.

കാര്യമായൊരു ജോലിയും ചെയ്യാതെ, ഊണും ഉറക്കവും, പരദൂഷണവും മറ്റുമായി നടക്കുന്നവരെ നമ്പ്യാര്‍ പാത്രചരിതത്തില്‍ വരച്ചുകാട്ടുന്നതിങ്ങനെയാണ്:-

ഉണ്ണണമെന്നും മുറങ്ങണമെന്നും,
പെണ്ണുങ്ങളൊടു രസിക്കണമെന്നും
കണ്ണില്‍ക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല.

ലോകോക്തികള്‍
മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാര്‍ക്കവിതയില്‍ നിന്ന് വന്നവയാണ്:-

നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ.
കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ കൊണ്ടാലറിയുമതിനില്ല സംശയം.
കൂനന്‍ മദിച്ചെന്നാല്‍ ഗോപുരം കുത്തുമോ?

തുടങ്ങിയവയുടെ ഉറവിടം കല്യാണസൗഗന്ധികമാണെങ്കില്‍, താഴെപ്പറയുന്നവ കിരാതത്തില്‍ നിന്നാണ്.

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം.
തള്ളക്കിട്ടൊരു തല്ലു വരുമ്പോള്‍ പിള്ളയെടുത്തു തടുക്കേയുള്ളൂ.
വല്ലാമക്കളിലില്ലാമക്കളിതെല്ലാവര്‍ക്കും സമ്മതമല്ലോ.
ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തില്‍.
എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.

നമ്പ്യാര്‍ കവിതയുടെ വിമര്‍ശനം

എല്ലാവിഭാഗം മലയാളികളുടെയിടയിലും അസാധാരണമായ ജനസമ്മതിയും അംഗീകാരവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാര്‍ കവിത ശക്തമായി വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും കേരളീയസാഹചര്യങ്ങളില്‍ ഫലിതത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മലയാള സാഹിത്യവിമര്‍ശകനായിരുന്ന കുട്ടികൃഷ്ണമാരാര്‍ വാഗ്‌വ്യഭിചാരമായാണ് വിശേഷിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ 'ഭീമ-ഹനൂമല്‍സംവാദ' ത്തിന്റെ നിശിതമായ വിമര്‍ശനം മാരാരുടെ 'ഭാരതപര്യടനം' എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാര്‍ ഹനുമാനെ 'അങ്ങാടിക്കൂളനും' ഭീമസേനനെ 'മേനിക്കണ്ടപ്പനും' ആയി തരംതാഴ്ത്തിയെന്ന് മാരാര്‍ ആക്ഷേപിക്കുന്നു:-

പാണ്ഡവന്മാരുടെ തീര്‍ഥയാത്രയുടെ ഒടുക്കം ഗന്ധമാദനത്തില്‍ വച്ചു പഞ്ചാലിക്കുവേണ്ടി സൗഗന്ധിപ്പൂക്കള്‍ തേടിപ്പോകുന്ന ഭീമസേനനെ, അദ്ദേഹത്തിന്റെ യുഗാന്തജ്യേഷ്ടനായ ഹനുമാന്‍ വഴി തടഞ്ഞു പരിഹസിച്ച ഒരു സന്ധര്‍ഭമുണ്ടല്ലോ. അതിന്റെ പിന്നിലുള്ള അഗാധമായ ഭ്രതൃവാത്സല്യത്തിന്നെതിരായി മഹാഭാരതത്തില്‍ ഒരക്ഷരവുമില്ല. ഈ കഥയെടുത്തു നമ്മുടെ ഒരു 'ഹാസസാഹിത്യസാമ്രാട്ട്' എഴുതിയ തുള്ളലില്‍ ആ സഹോദരസമാഗമം എന്തായിരിക്കുന്നു എന്നു നോക്കുക. അവിടെ ഹനുമാന്‍ വഴിപോകുന്നവരെ ചെന്നു തടഞ്ഞു വഴക്കുണ്ടാക്കി അവരെ പൊതിരെ തെറി പറഞ്ഞുവിടുന്ന അങ്ങാടിക്കൂളനും, ഭീമസേനന്‍ എന്തു തെറി കേട്ടാലും നാണമില്ലാതെ ഒഴിച്ചുപോകാതെ അതിനൊക്കെ പകരം വീമ്പിളക്കുവാന്‍ മിനക്കെടുന്ന മേനിക്കണ്ടപ്പനുമായി മാറിയിരിക്കുന്നു. ഇത്തരം വാഗ്‌വ്യഭിചാരങ്ങലെ ഉല്‍കൃഷ്ടസാഹിത്യത്തിന്റെ പന്തിയിലിരത്തുന്ന നമ്മുടെ വകതിരിവില്ലായ്മയെയാണ് ഞാനിവിടെ എതിര്‍ക്കുന്നത്.[4]

നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകള്‍
നമ്പ്യാരുടെ ഫലിതോക്തികള്‍ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകര്‍ന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നര്‍മ്മബോധവും കൗതുകമുണര്‍ത്തുന്ന ദ്വയാര്‍ത്ഥപരാമര്‍ശങ്ങളും ചേര്‍ന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.

ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോള്‍ വാര്യര്‍ അതിനെ "കരി കലക്കിയ കുളം" എന്നും നമ്പ്യാര്‍ "കളഭം കലക്കിയ കുളം" എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകള്‍ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തില്‍, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്ഥരീതികളില്‍ വര്‍ണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.

കുളിക്കാന്‍ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോള്‍ വാര്യര്‍ "കാതിലോല?" (കാ അതിലോല -ആരാണു് അവരില്‍ സുന്ദരി?) എന്നു ചോദിച്ചപ്പോള്‍ നമ്പ്യാര്‍ "നല്ലതാളി" (നല്ലത് ആളി - തോഴിയാണ് കൂടുതല്‍ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അര്‍ഥം മനസ്സിലാകാത്തവര്‍ ഈ സംഭാഷണത്തില്‍ പരാമര്ശിക്കപ്പെട്ടത് യജമാനത്തി കാതില്‍ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യില്‍ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.

കൊട്ടാരത്തില്‍ നിന്ന് നമ്പ്യാര്‍ക്ക് ദിനം‌പ്രതി രണ്ടേകാല്‍ ഇടങ്ങഴി അരി കൊടുക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്ഥമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാന്‍ ഒരു ശ്രമം നടന്നത്രെ. രണ്ടേകാല്‍ എന്നതിന് രണ്ടുകാല്‍ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അര്‍ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാല്‍ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാല്‍ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാല്‍ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരന്‍ പണ്ടാല വിശദീകരണവും കൊടുത്തു. ഇതില്‍ പ്രതിക്ഷേധിച്ച് നമ്പ്യാര്‍ കാര്‍ത്തികതിരുനാള്‍ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-

രണ്ടേകാലെന്നു കല്പിച്ചു,
രണ്ടേ, കാലെന്നിതയ്യനും,
ഉണ്ടോ, കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും.

ഈ പ്രതിക്ഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാര്‍ക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.
അവലംബം
1.↑ ഐതിഹ്യമാല, അദ്ധ്യായം:കുഞ്ചന്‍നമ്പ്യാരുടെ ഉല്‍ഭവം
2.↑ ഭാഷാസാഹിത്യചരിത്രം - സി.ജെ. മണ്ണുമ്മൂട്
3.↑ ഡോ. സി. ആര്‍. രാജഗോപാലന്‍ (ജനറല്‍ എഡിറ്റര്‍); നാട്ടറിവുകള്‍; ഡി സി ബുക്സ്, കോട്ടയം ISBN 978-81-264-2060-5
4.↑ വ്യാസന്റെ ചിരി - ഭാരതപര്യടനം - കുട്ടികൃഷ്ണമാരാര്

Wednesday, August 26, 2009

കവിത

അക്ഷരപ്പൊട്ടന്‍

അന്ധകാരത്തിന്‍ നീറുമഗ്നികുണ്ഠത്തില്‍ ഞാനി-

ന്നക്ഷരപ്പൊട്ടന്‍ നില്പാണമ്മേ നീ പൊറുക്കുക.

ഒക്കെയും മറവിയാം ശപ്തപാരാവാരത്തിന്‍

ഭിത്തിയില്‍ പ്രതിധ്വനിച്ചാര്‍ത്തമര്‍ന്നീടിലും

ഒന്നുമോര്‍മ്മതന്‍ വെള്ളിത്തിരയില്‍ തെളിവീല

അക്കങ്ങള്‍ പെരുക്കങ്ങള്‍ അക്ഷരക്കൂട്ടങ്ങളും

അറിവിന്‍ പടിവാതില്‍ തുറന്നു തന്നപ്പോള്‍ നീ

അലിവിന്‍ പാഠങ്ങളാണാദ്യ​മായ് പഠിപ്പിച്ചു.

പഴയതറവാടിന്‍ പ്രൗഢിയില്‍ ചിതലുക-

ളരിച്ചു നടക്കവേ തനിയെ കരഞ്ഞവള്‍

അറിഞ്ഞീലാരും നിന്റെ കരളിന്‍ വേവും നോവും

പറഞ്ഞീലാരും നിന്നോടാശ്വാസ വാക്കുകള്‍

ധനുമാസത്തിന്‍ കുളിരാതിര നീന്തിത്തുടി-

ച്ചടുത്തെത്തവേയെന്നില്‍ പുലരി വിടര്‍ന്നതും

അമ്പലത്തറയിലുമാവണിപ്പാടത്തിലും

അലയുമെന്നില്‍ നെരിപ്പോടെരിഞ്ഞമര്‍ന്നതും

ആരറിഞ്ഞീടാനിങ്ങിങ്ങാരാരെയറിയുവോര്‍

ആത്മബന്ധങ്ങള്‍ പണ്ടേയന്യ​മാണീയൂഴിയില്‍

അവിരാമമാം ജീവരഥ വേഗമാര്‍ന്നൊരീ

നഗരിപൂണ്ടാനമ്മേ അതിജീവനത്തിനായ്

പെരുതാമാസക്തിതന്‍ പദ്മവ്യൂഹത്തില്‍ ഞാനി-

ന്നഭിമന്യുവായ് നില്പാണമ്മേ നീ കാണുന്നുവോ?

അന്യ​മായ്​പ്പോയെന്‍ ഭാഷയന്യ​മായ് ദേശം കാലം

അന്യ​മായ് മുഖംപോലുമാള്‍ത്തിരക്കിന്‍ ഘോഷത്തില്‍

എന്നിലെയെന്നെത്തന്നെ നിന്നിലെ നീയായ്ക്കാണാ

നെന്തിനേ പഠിപ്പിച്ചു പറഞ്ഞുതരിക നീ

ഒക്കെയും വ്യര്‍ത്ഥം ശപ്തമിക്കുരുക്ഷേത്രത്തിങ്ക-

ലക്ഷരപ്പൊട്ടന്‍ ഞാനിന്നസ്തമിക്കയേ നല്ലു

ഇനിയൊരുദയത്തില്‍ പുതിയ ക്രമങ്ങളില്‍

തിരിയുമെന്റെ ലോകമെന്നൊരു ശുഭാശയില്‍!

-മിനി സെബാസ്റ്റ്യ​ന്‍ TTI Muvattupuzha


Tuesday, August 25, 2009

Tuesday, August 4, 2009

കുഞ്ഞുണ്ണി മാഷിനെ ഓര്‍ക്കന്നോ?



Born in the village of Valapad to Njayapilly Illathu Neelakantan Moosath and Athiyarathu Narayani Amma, Kunjunni started a career as a teacher at the Chelari school. He joined Sree Ramakrishna Ashram High School in Kozhikode in 1953 and retired from teaching in 1982.

Kunjunni returned to his native village in 1987 and became involved in social and cultural activities in the Thrissur area. He appeared in Bhoomigeetham, a film directed by Kamal.


അവാര്‍ഡുകള്‍

  • Kerala Sahitya Akademi Award (1974, 1984)
  • State Institute of Children's Literature Award (1982)
  • The Kerala Sahitya Akademi lifetime achievement award (1988)
  • State Institute of Children's Literature lifetime achievement award (2002)
  • Vazhakunnuam Award (2002)
  • V.A. Kesavan Nair Award (2003)

കൈ പുസ്തകം

http://itschool.gov.in/handbook.htm

Saturday, July 18, 2009

പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും പരിഷ്കരണം മൂലം അവ കൊണ്ട് അര്‍ത്ഥമാക്കുന്നതെന്തോ അതിലേക്ക് എത്തുന്നതിന് ചുരുക്കം അദ്ധ്യാപകരെങ്കിലും വിഷമിക്കുന്നുണ്ടാവാം. നമ്മുടെ ഏവരുടെയും ചിന്തകളും പഠനസാമഗ്രികളും മറ്റും പങ്കു വയ്കുന്നതിനും അവ ഏവര്‍ക്കും ഉപയോഗിക്കുന്നതിനും ഉദ്ദേശിച്ചുള്ള ഒരു എളിയ ശ്രമമാണിവിടെ. കുട്ടികളുടെയും അദ്ധ്യാപകരുടെയും ഭാഷാ തല്പരരുടേയും സര്‍ഗ്ഗസൃഷ്ടികളും ശേഖരണങ്ങളും ഇത് സംപുഷ്ടമാക്കാന്‍ അത്യാവശ്യമാണ്. ഏവരും സഹകരിക്കുമല്ലോ ?

മലയാള ഭാഷാധ്യാപനം